നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ മത്സരിപ്പിക്കാനൊരുങ്ങി സി പി എം

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (07:57 IST)
സി പി എം നേതാവ് പി ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി പി എം തയ്യാറെടുക്കുന്നു. കതിരൂര്‍ മനോജ് വധക്കേസ് പ്രതിയായ ജയരാജനെ കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നില്‍ നിന്നും മത്സരിപ്പിച്ച് ജയിപ്പിക്കാമെന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്‍. മത്സരിച്ച് വിജയിച്ചാല്‍ നിലവിലുള്ള കേസിനെ പ്രതിരോധിക്കാനാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
 
മനോജ് വധക്കേസില് റിമാന്‍ഡിലായിരുന്ന ജയരാജന് ഇന്നലെയാണ് ഉപാധികളോടെ തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് മാസക്കാലത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന  ഉപാധികളാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് സി പി എം കരുതുന്നു
 
ഇതിനു മുമ്പ് ഫസല്‍ വധക്കേസ് പ്രതികളായ കാരായി ചന്ദ്രശേഖരനേയും കാരായി രാജനേയും സമാനമായ രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിച്ചിരുന്നു. കാരായി ചന്ദ്രശേഖരനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കാരായി രാജനെ തലശ്ശേരി നഗരസഭാ ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നുവെങ്കിലും ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കോടതി ഉത്തരവുണ്ടായിരുന്നതിനാല്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുകയും അവസാനം രണ്ട് പേരും പ്രസ്തുത സ്ഥാനങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു.