നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.എം.ഷാജി സമര്‍പ്പിച്ച സത്യവാങ്‍മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചെന്നും ഇയാള്‍ക്ക് രണ്ട് പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്നും കാണിച്ച് ഇടതുമുന്നണി കോടതി കയറാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രികാ സൂക്ഷ്മ പരിശോധനാ വേളയില്‍ ഇടതു നേതാക്കള്‍ രണ്ട് പാന്‍ കാര്‍ഡുകളുടെയും തെളിവു സഹിതമുള്ള വിവരങ്ങള്‍ വരണാധികാരിയെ അറിയിക്കുകയും ചെയ്തു.
ഷാജിക്ക് ഇ.ഡി.ഡബ്ല്യു,പി.കെ6273 എന്ന നമ്പരിലുള്ള പാന്‍ കാര്‍ഡ് ഉണ്ടെന്നാണ് സത്യവാങ്‍മൂലത്തില്‍ നല്‍കിയ വിവരം. എന്നാല്‍ ഇത് കൂടാതെ എ.പി.ക്യു.പി.കെ1630 എന്ന നമ്പരിലുള്ള മറ്റൊരു പാന്‍ കാര്‍ഡ് കൂടി ഉണ്ടെന്നാണ് ഇടതു നേതാക്കള്‍ നല്‍കിയ വിവരം. ഇത് ക്രിമിനല്‍ കുറ്റമാണെന്നും അതിനാല്‍ ഷാജിയുടെ പത്രിക സ്വീകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ തന്‍റെ ആദ്യ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടതാണെന്നും അതിനാല്‍ അത് റദ്ദാക്കിയെന്നും ഷാജി പറഞ്ഞു. പക്ഷെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ വീണ്ടും അതേ നമ്പരിലുള്ള മറ്റൊരു കാര്‍ഡാവും നല്‍കുക എന്നും ഇടതുപക്ഷം ആരോപിച്ചു. മാത്രമല്ല ഇരു കാര്‍ഡുകളിലെയും വിലാസങ്ങള്‍ വ്യത്യസ്ഥമാണെന്നും പറഞ്ഞു. രണ്ട് പാന്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയത് സ്വത്ത് വിവരങ്ങള്‍ മറച്ചു വയ്ക്കാനാണെന്നും ഇടതു നേതാക്കള്‍ ആരോപിച്ചു.
ഈ വിവരങ്ങള്‍ അധികൃതര്‍ രേഖപ്പെടുത്തിയെങ്കിലും ഒടുവില്‍ പത്രിക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഇടതു നേതാക്കള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.