കണ്ണൂര്‍ വിമാനതാത്താവളം: വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കകം ഒപ്പുവയ്ക്കും - മന്ത്രി കെ ബാബു

വെള്ളി, 21 നവം‌ബര്‍ 2014 (17:58 IST)
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായുള്ള വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കകം ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ ബാബു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1890 കോടി മുതല്‍ മുടക്കുള്ള പദ്ധതിക്ക് ആവശ്യമായ ധനസ്രോതസുകള്‍ - ഓഹരി മുലധനവും വായ്പകളുമാണ്. ഇതിനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.

ബിപിസിഎല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ ഓഹരി പങ്കാളിത്തവും കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയില്‍ നിന്ന് 892 കോടി രൂപ വായ്പയും ഉറപ്പാക്കിയതായും വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കുള്ളില്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ആദ്യ സ്ഥല പരിശോധന സെപ്തംബറില്‍ നടന്നു കഴിഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ സെക്യൂരിറ്റിയുടെ ബില്‍ഡിങ് പ്ലാന്‍ അപ്രൂവലും കഴിഞ്ഞുഎന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള നയം അനുസരിച്ച് അനുവദിച്ച വാര്‍ത്താവിനിമയ-എയര്‍ സംവിധാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയുമായി എഎന്‍എസ് (എയര്‍ നാവിഗേഷന്‍ സര്‍വീസസ്) ഉടമ്പടിയും, കാലാവസ്ഥ സംബന്ധിച്ച സേവനങ്ങള്‍ക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി ഒരു ധാരണാപത്രവും അനിവാര്യമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള എ.എന്‍.എസ്/എ.ടി.എം ഉടമ്പടി 2014 നവംബര്‍ 17 ന് ഡല്‍ഹിയില്‍ വച്ച് ഒപ്പിട്ടു. വാന നിരീക്ഷണ വകുപ്പുമായുള്ള ധാരണാപത്രം സെപ്തംബര്‍ 17-ാം തീയതി ഒപ്പിട്ടു. വിമാനത്താവള പദ്ധതിയില്‍ വളരെ നിര്‍ണായകമായ ഈ രണ്ടു കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതിയാണ് കണ്ണൂരിലേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക