കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പിടിയില്‍, ബോംബ് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്തു

ഞായര്‍, 29 ഒക്‌ടോബര്‍ 2023 (18:16 IST)
കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. കൊച്ചി തമ്മനം സ്വദേശിയായ ഇയാള്‍ യഹോവ വിശ്വാസിയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസിനു ലഭിച്ചു. 
 
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. പിന്നാലെ കൊടകര പൊലീസില്‍ സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങി. പ്രതിയെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യും. 
 
യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ 9.40 നാണ് ഇയാള്‍ എത്തിയത്. ബോംബ് വെച്ച ശേഷം റിമോട്ട് ഉപയോഗിച്ചു ട്രിഗര്‍ ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങളും മൊബൈലില്‍ നിന്നു ലഭിച്ചു. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ സ്‌ഫോടനം നടത്താന്‍ പഠിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് ഇയാള്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ച ശേഷം പൊലീസ് ഉറപ്പിച്ചു. 
 
സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍