കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ റവന്യൂ ഉദ്യോഗസ്‌ഥര്‍ കുറ്റം സമ്മതിച്ചു

വെള്ളി, 5 ജൂണ്‍ 2015 (18:40 IST)
കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ റവന്യൂ ഉദ്യോഗസ്‌ഥര്‍ കുറ്റം സമ്മതിച്ചുവെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും ഉന്നത റവന്യൂ ഉദ്യോഗസ്‌ഥരുടെ പങ്ക് അന്വേഷിക്കുമെന്നും സിബിഐ അറിയിച്ചു. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ചില രേഖകള്‍ കുടി പരിശോധിക്കുമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. കളമശേരി ഭൂമി തട്ടിപ്പില്‍ ലാന്‍ഡ്‌ റവന്യൂ ഓഫീസിലെ ഉന്നതരുടെ ഒത്താശയുണ്ടെന്നാണ്‌ സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജും റവന്യൂ ഉദ്യേഗാസ്‌ഥരും അടക്കം നിരവധി പേര്‍ അറസ്‌റ്റിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട്‌ മുന്‍ പൊതുമരാമത്ത്‌ സെക്രട്ടറി ടി.ഒ സൂരജിനെ സി.ബി.ഐ ഇന്ന്‌ ചോദ്യം ചെയ്‌തിരുന്നു. സൂരജ്‌ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ആയിരിക്കെയാണ്‌ ഭൂമി തട്ടിപ്പ്‌ നടന്നത്‌. കൂടുതല്‍ തെളിവുകള്‍ തേടിയാണ്‌ സൂരജിനെ ചോദ്യം ചെയ്‌തത്‌. നേരത്തെ സുരജിനെ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും അന്നത്തെ എറണാകുളം ജില്ലാ കലക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ താന്‍ നടപടി സ്വീകരിച്ചതെന്നായിരുന്നു സൂരജിന്റെ മൊഴി.

എന്നാല്‍ ഇത് സിബിഐ കണക്കിലെടുത്തിട്ടില്ല. തൃക്കാക്കര പത്തടിപ്പാലത്തെ 25 കോടി വിലയുള്ള 1.16 ഏക്കർ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കി ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാ ക്രമക്കേടുകൾക്കും കാരണമെന്നും, ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവിൽ കോടതിയാണെന്നിരിക്കേ സൂരജ് അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

വെബ്ദുനിയ വായിക്കുക