എസ് എഫ് ഐയുടെ സദാചാരഗുണ്ടായിസം വീണ്ടും; കൂത്തമ്പലത്തിൽ ഒന്നിച്ചിരുന്ന യുവതിക്കും യുവാവിനും മർദ്ദനം

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (07:57 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ അലകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ എറണാകുളം കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ് എഫ് ഐ തന്റെ സദാചാര ഗുണ്ടായിസത്തിന്റെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്.
 
തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയും യുവാവുമാണ് ഇത്തവണത്തെ ഇരകൾ. ഇരുവരേയും  ക്യാംപസിലിട്ട് മര്‍ദിക്കുകയും ബാഗ് തട്ടിയെടുക്കുകയും ചെയ്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. 21ആം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
പേടികാരണമായിരുന്നു ഇതുവരെ ഇത് പുറത്ത് പറയാതിരുന്നതെന്ന് പരാതിയിൽ പറയുന്നു. നാലു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേര് യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മര്‍ദിച്ച മറ്റുളളവരെ അറിയാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്കൊപ്പം മര്‍ദനമേറ്റ യുവാവ് നേരത്തെ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.
 
തൃശൂര്‍ സ്വദേശിനിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയത്.
ഇപ്പോള്‍ ബെംഗ്‌ളൂരുവില്‍ ജോലി ചെയ്യുകയാണ് യുവതി. സുഹൃത്തുക്കൾ വിളച്ചതനുസരിച്ചാണ് കലോത്സവ പരിപാടിക‌ൾ കാണാൻ ഇരുവരും എത്തിയത്. പരിപാടി കഴിഞ്ഞ് ക്യാമ്പസിലെ കൂത്തമ്പലത്തിൽ സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോൾ പതിനഞ്ചോളം വരുന്ന സംഘം അടുത്തെത്തി ചോദ്യം ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് പറഞ്ഞിട്ടും അവര്‍ എന്റ ബാഗ് തട്ടിപ്പറിച്ചു. 
താനും സുഹൃത്തുക്കളും അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
 
നേരത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ക്യാംപസിലെ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം പുറത്ത് നിന്നെത്തിയ യുവാവിനും അന്ന് മര്‍ദനമേറ്റിരുന്നു. ഈ കേസില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും കസ്റ്റഡിയില്‍ പോലും എടുത്തിട്ടില്ല. 
 
സംഭവം പുറത്തായതോടെ പെൺകുട്ടിയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഒന്നിച്ചിരിക്കുമ്പോൾ എന്തുകൊണ്ടാണ് എസ് എഫ് ഐയ്ക്ക് മാത്രം ഇത്ര ചൊറിച്ചിൽ എന്നാണ് ചിലരുടെ കമന്റുകൾ.
Next Article