മണിയുടേത് അസ്വാഭാവിക മരണമല്ല; കരള്‍ രോഗബാധിതനായ മണി മദ്യപിച്ചിരുന്നു, അന്വേഷണം തുടരുമെന്ന് പൊലീസ്
ചൊവ്വ, 8 മാര്‍ച്ച് 2016 (10:33 IST)
കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമല്ലെന്ന് പൊലീസ് നിഗമനം. രാസപരിശേധന ഫലം വരുന്നതുവരെ അന്വേഷണം തുടരുമെന്നും അതിഗുരുതരമായ കരള്‍ രോഗബാധിതനായ മണി മദ്യപിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും, പ്രാഥമിക അന്വേഷണത്തില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുമാണ്ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. മദ്യത്തിന്റെ ഉറവിടം അടക്കം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തുവരുകയാണ്. ബന്ധുക്കളെയടക്കമുള്ളവരെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ച ശേഷമേ മെഥനോളിന്റെ അംശം ഉണ്ടായിരുന്നോയെന്നു അറിയാൻ കഴിയൂ. മദ്യം കഴിക്കരുതെന്നു ഡോക്ടർമാർ മണിക്കു കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതവഗണിച്ചും മണി മദ്യം കഴിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുവരുന്നതിന്റെ തലേന്നും മണി മദ്യപിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മണിയുടെ ശരീരത്തിൽ മരണത്തിനിടയാക്കുന്ന വിഷാംശം ഇല്ലായിരുന്നെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അതേസമയം, താന്‍ കലാഭവന്‍ മണിയെ കാണുന്നത് അദ്ദേഹം ആശുപത്രിയില്‍ ആകുന്നതിന്‍റെ തലേദിവസമായിരുന്നു എന്ന് നടന്‍ ജാഫര്‍ ഇടുക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഒരു സിനിമയുടെ കാര്യം സംസാരിക്കാനായിരുന്നു താന്‍ അവിടെ പോയതെന്നും മണിയുടെ ഒരുപാട് സുഹൃത്തുക്കള്‍ ആ സമയം അവിടെയുണ്ടായിരുന്നു എന്നും ജാഫര്‍ പറയുന്നു.
മണിക്ക് ശത്രുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തിന് കരള്‍ രോഗം ഉണ്ടായിരുന്നെങ്കില്‍, കരള്‍ മാറ്റിവയ്ക്കാനും മറ്റും അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കലാഭവന്‍ മണിയെ ആരെങ്കിലും അപായപ്പെടുത്തിയെങ്കില്‍ സത്യം പുറത്തുവരണമെന്നും ജാഫര്‍ പറഞ്ഞു.