ഇടമണ്‍ - കൊച്ചി 400 കെ വി ലൈനിന്റെ നിർമാണം പുനരാരംഭിക്കും, മുറിക്കേണ്ട മരങ്ങളുടെ കണക്കിൽ തീരുമാനമായി: കടകം‌പള്ളി സുരേന്ദ്രൻ

ചൊവ്വ, 19 ജൂലൈ 2016 (18:18 IST)
മുടങ്ങിക്കിടക്കുന്ന ഇടമണ്‍ - കൊച്ചി 400 കെ വി ലൈനിന്റെ  നിര്‍മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനും മുറിക്കേണ്ട മരങ്ങളുടെയും മറ്റും കണക്കെടുക്കാനും തീരുമാനമായി. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ എം എല്‍ എ മാരും ആക്ഷന്‍ കൌണ്‍സില്‍ നേതാക്കളുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
 
സാങ്കേതിക സര്‍വേ പൂര്‍ത്തിയാക്കാനുള്ള പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ 19 കിലോമീറ്റര്‍ ദൂരത്തെ പ്രാഥമിക സര്‍വേ, റവന്യു അധികൃതരും പദ്ധതിയുടെ നിര്‍മ്മാണ ചുമതലക്കാരായ പവര്‍ഗ്രിഡ് കോര്‍പ്പറേഷനും ചേര്‍ന്ന് ഒരു മാസത്തിനകം സംയുക്തമായി പൂര്‍ത്തിയാക്കുമെന്നും ചർച്ചയിൽ തീരുമാനമായി.
 
ലൈന്‍ നിര്‍മ്മാണം മൂലം പ്രയാസത്തിലാകുന്ന കര്‍ഷകരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യംസംരക്ഷിച്ചു കൊണ്ടുള്ള നഷ്ടപരിഹാര പാക്കേജിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വീടുകള്‍ ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാനുള്ള നഷ്ടപരിഹാരം തന്നെ നല്‍കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
 
സർവേ നടത്തി മുറിക്കേണ്ട മരങ്ങളുടെയും മറ്റ് നാശ നഷടങ്ങളുടെയും കണക്കെടുക്കാന്‍ കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ റവന്യൂ അധികാരികളെ യോഗം ചുമതലപ്പെടുത്തി. ഒരു മാസത്തിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കി, എം എല്‍ എ മാരുമായും ആക്ഷന്‍ കൗണ്‍സിലുമായും വീണ്ടും ചര്‍ച്ച നടത്തും.  
 
യോഗത്തില്‍ എം എല്‍ എമാരായ സര്‍വ്വശ്രീ  അടൂര്‍  പ്രകാശ്, അനൂപ് ജേക്കബ്, ഗണേഷ് കുമാര്‍, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, മോന്‍സ് ജോസഫ്, വി പി സജീന്ദ്രന്‍, ഡോ. എന്‍ ജയരാജ് എന്നിവരും ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സര്‍വ്വശ്രീ. സോബിച്ചന്‍ ഏബ്രഹാം, മനോജ് ചരലില്‍, അഡ്വ. കെ ജി രതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. കെ എസ് ഇ ബി, റവന്യു വകുപ്പ്, പവര്‍ഗ്രിഡ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക