മന്ത്രിമാർക്ക് ഇനി പാചകക്കാരൻ, ഡ്രൈവർ...ഇത്രമാത്രം; കടകംപള്ളി സുരേന്ദ്രനും എ കെ ബാലനും പണി കിട്ടി!

ബുധന്‍, 8 ജൂണ്‍ 2016 (15:18 IST)
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ സർക്കാർ കർശന നിർദേശം നൽകി. ഇത്തവണ തങ്ങളുടെ ജീവനക്കാരായി മന്ത്രിക്ക് നേരിട്ട് നിയമിക്കാൻ പറ്റുന്നത് മൂന്ന് പേരെ മാത്രമാണ്. പേഴ്സണല്‍ അസിസ്റ്റന്‍റ്, അടുക്കളക്കാരന്‍, ഡ്രൈവര്‍... ഇത്രമാത്രം. ഇതിൽ കൂടുതൽ പാർട്ടി തീരുമാനിക്കും. സിപിഎം മന്ത്രിമാരുടെ സ്റ്റാഫുകളെ ജില്ലാകമ്മറ്റിയാണ് നിര്‍ദ്ദേശിക്കുന്നത്.
 
എന്നാൽ ഇത് കാര്യമാക്കാതെ സ്റ്റാഫിനെ നിയമിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രനും എ കെ ബാലനും പണി കിട്ടി. മന്ത്രിമാർ നിയമിച്ച സ്റ്റാഫിനെ പാർട്ടി ഇടപെട്ട് മാറ്റി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി നിബന്ധനകൾ മുന്നോട്ട് വെച്ചിരുന്നു.
 
പരമാവധി 25 പേരെയാണ് പേഴ്സണല്‍ സ്റ്റാഫിലേയ്ക്ക് ഒരു മന്ത്രിക്ക് നിയമിക്കാവുന്നത്. സിപിഎം മന്ത്രിമാര്‍ ഇത് 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 35 പേരെ വരെ നിയമിച്ച മന്ത്രിമാരുണ്ട്. പോലീസ് അന്വേഷണവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും കഴിഞ്ഞാണ് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. 
 
അഴിമതിക്കാരെയും വിദ്യാഭ്യാസമില്ലാത്തവരെയും പരിഗണിക്കരുത്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധമായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഓരോ ജില്ലയില്‍ നിന്നും നൂറില്‍പരം ആളുകളെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക