'അദ്ദേഹം വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; തരൂരിനെ പരിഹസിച്ച് മുരളി, കോണ്‍ഗ്രസില്‍ വീണ്ടും 'തമ്മിലടി'

രേണുക വേണു

ശനി, 15 ഫെബ്രുവരി 2025 (14:01 IST)
ശശി തരൂര്‍ എംപി കേരളത്തെ പുകഴ്ത്തിയതിനു പിന്നാലെ പരിഹാസവുമായി കെ.മുരളീധരന്‍. കേരളം വ്യവസായ സൗഹൃദമാണെന്ന തരൂരിന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വിശ്വപൗരന്‍ ആണെന്നും തന്നെപ്പോലുള്ളവര്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണെന്നും മുരളി പരിഹസിച്ചു. 
 
' കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്കു മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അദ്ദേഹം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല,' മുരളീധരന്‍ പറഞ്ഞു. 
 
തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് പറഞ്ഞ മുരളി കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്കു മറുപടി നല്‍കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വ്യവസായ വളര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ നേതാക്കളും തുടര്‍ച്ചയായി ആരോപിക്കുന്ന സമയത്താണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തരൂരിന്റെ കേരള 'പുകഴ്ത്തല്‍'. വ്യവസായ മേഖലയില്‍ കേരളത്തിന്റേത് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയാണെന്ന് തരൂര്‍ പറയുന്നു. ഇത് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ്. 
 
കേരളത്തിന്റെ സ്റ്റാര്‍ട്ടപ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി ആണെന്ന് തരൂര്‍ പറഞ്ഞു. ചുവപ്പുനാട മുറിച്ചുമാറ്റി മികച്ച വ്യവസായ സാഹചര്യമൊരുക്കാന്‍ കേരളത്തില്‍ സാധിക്കുന്നുണ്ടെന്നാണ് തരൂരിന്റെ മറ്റൊരു പരാമര്‍ശം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായത്തില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍