കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലസുകൾ എടുക്കുന്ന അധ്യാപികമാരെ അവഹേളിയ്ക്കുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്ന അധ്യാപകരെ ചിത്രങ്ങളും ദൃശ്യൺഗളും ഉൾപ്പടെ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിയ്ക്കും എന്ന് മന്ത്രി വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോകമാകെ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ പഠനം മുടങ്ങിപ്പോകാതിരിക്കാൻ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. ഓണ്‍ലൈന്‍ ക്ലാസ് വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. അതിമനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകര്‍ സമൂഹത്തിന്റെ വന്‍തോതിലുള്ള പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സംസ്‌കാരശൂന്യമായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കാന്‍ തയ്യാറായത്. അധ്യാപികമാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധം പെരുമാറിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും പിന്തുണയും സ്‌നേഹവും അറിയിക്കുന്നു.