ഇന്നുമുതല്‍ മഴ കനക്കും

രേണുക വേണു

വെള്ളി, 12 ജൂലൈ 2024 (07:56 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ശക്തിപ്പെടും. ആഗോള മഴപാത്തി (MJO) യുടെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ പശ്ചിമ പസാഫിക്കിലും / തെക്കന്‍ ചൈന കടലിലും ബംഗാള്‍ ഉള്‍കടലിലും ചക്രവാത ചുഴികള്‍ / ന്യുന മര്‍ദ്ദങ്ങള്‍ രൂപപെടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി  കേരള തീരം ഉള്‍പ്പെടെയുള്ള പശ്ചിമ തീര മേഖലയില്‍ ജൂലൈ 14/ 15 ഓടെ കാലവര്‍ഷകാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യത. കേരളത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. നിലവില്‍ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണ്.
 
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
 
കേരള തീരത്തും, തമിഴ്നാട് തീരത്തും ജൂലൈ 13 ശനിയാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍