മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേയ്ക്കുയര്‍ത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ജോണ്‍ പോള്‍ എന്നും അനുസ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഏപ്രില്‍ 2022 (16:43 IST)
പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ ജോണ്‍ പോളിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേയ്ക്കുയര്‍ത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ജോണ്‍ പോള്‍ എന്നും അനുസ്മരിക്കപ്പെടും. കഥാകൃത്ത്, തിരക്കഥാകാരന്‍, സംവിധായകന്‍, സംഭാഷണ രചയിതാവ്, നിര്‍മ്മാതാവ് തുടങ്ങി പലതലങ്ങളില്‍ അദ്ദേഹം ചലച്ചിത്ര രംഗത്തിന് കലാത്മകമായ സംഭാവനകള്‍ നല്‍കി.
 
സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോണ്‍ പോള്‍. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ അത് പ്രതിഫലിച്ചിരുന്നു. അനര്‍ഗളമായ വാക്പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. മലയാള സിനിമയുടെ ചരിത്ര രചനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. മലയാളികളുടെ മനസ്സില്‍ നിന്ന് മായാത്ത നിരവധി ചിത്രങ്ങളുടെ ശില്പിയാണ് ജോണ്‍ പോള്‍. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ വിപുലമായ സൗഹൃദവലയമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം.
 
ബന്ധു മിത്രാദികളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍