'ഞാനും ഭരതനും കലാമണ്ഡലം ഹൈദരാലിയും പവിത്രനും ഒരുമിച്ച് ഇരിക്കുകയായിരുന്നു. മരണത്തിന്റെ നിറം എന്താണെന്ന് ഭരതന്‍ ചോദിച്ചു. തവിട്ട് നിറമെന്ന് ഹൈദരാലി പറഞ്ഞു. ആട്ടവിളക്കിന്റെ നിറമെന്ന് പവിത്രന്‍ പറഞ്ഞു. എന്നോടും ചോദിച്ചു. ഞാന്‍ മരിക്കാത്തതുകൊണ്ട് എനിക്ക് അറിയില്ലെന്ന് ഭരതനോട് പറഞ്ഞു. ഇലംനീലയാണ് മരണത്തിന്റെ നിറമെന്ന് ഭരതന്‍ പറഞ്ഞു. നമ്മള്‍ മരിച്ചാല്‍ ആകാശത്തേക്കാണല്ലോ പോകുന്നത്, അപ്പോള്‍ അതുമായി ചേര്‍ന്നു നില്‍ക്കുന്ന നിറം വേണ്ടേ മരണത്തിനെന്നാണ് ഭരതന്‍ പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ അവിടെവെച്ച് ഒരു വാഗ്ദാനം നടത്തി. ആരാണോ ആദ്യം മരിക്കുന്നത് അവര്‍ അവിടെ ചെന്നിട്ട് ടെലിപ്പതി കൗണ്ടര്‍ തുറന്നിട്ടുണ്ടെങ്കില്‍ അവിടെ നിന്ന് ഇങ്ങോട്ട് അറിയിക്കണം മരണത്തിന്റെ നിറം എന്താണെന്ന്. അവര്‍ മൂന്ന് പേരും മരിച്ചു. ടെലിപ്പതി കൗണ്ടര്‍ തുറന്നിട്ടില്ലെന്ന് തോന്നുന്നു,' ജോണ്‍ പോള്‍ പറഞ്ഞു.