ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് നീതി തങ്ങൾക്ക് നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ കെ ശ്രീജിത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അതിയായ വിഷയമുണ്ട്. നിരാഹാര സമരം ഇടതു സാർക്കാറിനോ പാർട്ടിക്കോ എതിരല്ലായിരുന്നു. എന്നിട്ടും യാതോരു വിശദീകരണവുമില്ലാതെയാണ് പുറത്താക്കിയത്. ഇക്കാര്യം പാർട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി, സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ സ്വീകരിച്ചു എന്നാരോപിച്ച് തിങ്കളാഴ്ചയാണ് ശ്രീജിത്തിനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയത്. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ് ശ്രീജിത്ത്. ശ്രീജിത്തായിരുന്നു നീതിക്കായുള്ള മഹിജയുടെ സമരത്തെ മുന്നോട്ട് കൊണ്ട് പോയിരുന്നത്. പല പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതും ശ്രീജിത്താണ്.
നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവും കുടുംബവും ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെത്തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേല്‍ ഉണ്ടായത്. നാദാപുരം ഏരിയ കമ്മിറ്റി കൂടി ശ്രീജിത്തിന്റെ പുറത്താക്കൽ നടപടി ശരിവെക്കേണ്ടതുണ്ട്. ഒരു വിശദീകരണവും തേടാതെയാണ് പാർട്ടി ശ്രീജിത്തിനെ പുറത്താക്കാൻ നടപടിയെടുത്തത്. പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.