ജിഷയ്ക്ക് നീതി തേടി ടെക്‌നോ പാര്‍ക്കും; നീതിതേടി മൌനജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലുമായി ടെക്കികള്‍

Webdunia
ശനി, 7 മെയ് 2016 (11:51 IST)
പെരുവാമ്പൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയ്ക്ക് നീതി തേടി ടെക്‌നോപാര്‍ക്കും. മൌനജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലുമായാണ് ‘ ജിഷയ്ക്ക് നീതി ലഭ്യമാക്കുക’ ടെക്കികള്‍ സമരത്തില്‍ പങ്കാളികളായത്. 
 
ഐ ബി എസ്സിൽ ജോലി ചെയ്യുന്ന അഞ്ജന ഗോപിനാഥ്  മൌനജാഥ ടെക്നോപാർക്ക്  ആംഫി തിയേറ്ററിനു മുന്നിൽ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. പ്ലക്കാർഡുകളും പോസ്റ്ററുകളും കൈയിലേന്തി നൂറു കണക്കിന് ടെക്കികൾ ഈ പ്രതിഷേധ ജാഥയിൽ പങ്കെടുത്തു.
 
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ എല്ലാ പരിധികളും ലംഘിച്ച് ഭീകരമായ  അവസ്ഥയിലേക്ക് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ആഴ്ച പെരുമ്പാവൂരിലെ എൽ എൽ ബി വിദ്യാര്‍ത്ഥിനി ആയ ജിഷയ്ക്ക് ഉണ്ടായ അനുഭവം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
 
ബൗദ്ധികമായും സാമൂഹ്യപരമായും ഉയർന്ന  നിലവാരം പുലർത്തുന്നു എന്ന് അഹങ്കരിച്ചു കൊണ്ടിരുന്ന കേരളീയര്‍ക്ക് സമൂഹ മനസാക്ഷിയ്ക്ക് മുമ്പില്‍ ലജ്ജിച്ചു തല താഴ്ത്തേണ്ടി വരുന്ന സ്ഥിതിയാണെന്നും അവര്‍ പറയുന്നു. 
 
ഭവാനി - തേജസ്വിനി - ടി സി എസ്  - നിള - ഫയർ സ്റ്റെഷൻ - ആംസ്റ്റർ - ഗായത്രി - നെയ്യാർ - പദ്മനാഭം കെട്ടിടങ്ങളിലൂടെ ടെക്നോപാർക്കിന്റെ മുന്‍വശത്തെ ഗേറ്റിൽ പ്രതിഷേധ മൌനജാഥ സമാപിച്ചു.  കാൻഡിൽ ലൈറ്റ് വിജിൽ  ഇ ഡബ്യു ഐ ടി സെക്രട്ടറി രാധിക ഉത്ഘാടനം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ്‌ കൃഷ്ണൻ അധ്യക്ഷനായിരുന്നു.മാഗി നന്ദി പറഞ്ഞു. ഷഫീന ബഷീർ പങ്കെടുത്ത പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.
Next Article