ജിഷയുടെ ഘാതകന്‍ കസ്‌റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി ഹരികുമാറെന്ന്; പൊലീസിന്റെ നീക്കം വോട്ടെടുപ്പിന് മുമ്പ് പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്

ശനി, 14 മെയ് 2016 (12:39 IST)
ജിഷ കൊലക്കേസിൽ അന്വേഷണം നീളുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ കസ്‌റ്റഡിയിലുള്ള ഒരാളെ പ്രതിയാക്കി അവതരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കസ്‌റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയായ ഹരികുമാറിനെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിയാക്കി അവതരിപ്പിക്കാന്‍ പോകുന്നത്.

ജിഷയുടെ മുതുകില്‍ പ്രതി കടിച്ച്  മുറിവേല്‍പിച്ചിരുന്നു. ഈ മുറിവ് പരിശോധിച്ചതോടെ പല്ലിന് വിടവുള്ള ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തവരില്‍ ഒരാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ ആണെന്നും വരുന്ന ദിവസം ഇയാളെ മാധ്യമങ്ങള്‍ക്ക് മുമ്പ് എത്തിക്കുകയെന്നുമാണ് ഡെക്കാണ്‍ ക്രോണിക് വ്യക്തമാക്കുന്നത്.

പൊലീസ് വാര്‍ത്തസമ്മേളനം നടത്തി ഹരികുമാറിനെ ഇന്നോ നാളയോ പ്രതിയായി അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഒരു പ്രതിയെ ഹാജരാക്കുന്നത്. എന്നാല്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് ഇയാളുടെ കാലുമായി യോജിച്ചില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നതും പൊലീസ് തുടരുന്നുണ്ട്.

പ്രതിയെ ഉടന്‍ തന്നെ പുറത്തുക്കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പല്ലിന് വിടവുണ്ട് എന്ന ഒരു കാരണം പറഞ്ഞ് ബംഗാള്‍ സ്വദേശിയെ പരസ്യമാക്കാന്‍ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക