ജിഷ കൊലക്കേസ്: പ്രതികളെ പിടികൂടാൻ കഴിയാത്തത് ഉമ്മൻചാണ്ടി സർക്കാരിന്റെ വീഴ്ച, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് നാണംകെട്ട ഏർപ്പാടെന്ന് വൃന്ദ കാരാട്ട്

ചൊവ്വ, 10 മെയ് 2016 (11:30 IST)
നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് പതിമൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് ഉമ്മൻചാണ്ടി സർക്കാരിന്റെ അനാസ്ഥയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് കോഴിക്കോട് പറഞ്ഞു. കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടികാൾ സ്വീകരിക്കാത്തത് നാണക്കേടെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
 
അതേസമയം, പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഉർജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ സഹോദരി ദീപയെ ചോദ്യം ചെയ്തിരുന്നു. ദീപയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തനിക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല എന്ന് ദീപ മൊഴി നൽകിയിരുന്നു. എന്നാൽ ഇതിനു വിപരീതമായി ദീപ ഹിന്ദി സംസാരിക്കുമെന്ന് കടയുടമ മൊഴി നൽകുകയായിരുന്നു.
 
അതോടൊപ്പം, മാധ്യമങ്ങൾക്കും വനിതാകമ്മീഷനും മുന്നിൽ ദീപ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ പ്രതിയുടെ പുതിയ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും പുറത്ത് വിട്ടിട്ടില്ല. അതേസമയം ജിഷയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക