ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേഷിശ്വരിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് അശുപത്രി അധികൃതർ. ആരോഗ്യ സ്ഥിതിയിൽ കാര്യമായ മാറ്റം വന്നുവെന്നും അടുത്ത ദിവസങ്ങളിൽ രാജേശ്വരിയെ ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ എവിടേക്ക് പോകുമെന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് തഹസിൽദാർ വ്യക്തമാക്കി.
ജിഷയുടെ കൊലപാതകവുമായി അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നിലവിൽ വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ പുതിയ വാടക വീട്ടിലേക്കായിരിക്കും രാജേശ്വരിയെ മാറ്റി താമസിപ്പിക്കുക. ഇതിനായി ജില്ലാ കലക്ടറുടെ നിർദേശാനുസരണം മൂവാറ്റുപുഴ ആർ ഡി ഒയുടെ നേതൃത്വത്തിൽ തഹസിൽദാർക്ക് വേണ്ട നടപടികൾ നൽകി കഴിഞ്ഞു. ഇതിനെത്തുടർന്ന് പെരുമ്പാവൂരിൽ വാടക വീടിനായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, സംരക്ഷിക്കാൻ ആളില്ലാതെ അനാഥയായി രാജേശ്വരി ആശുപത്രിയിൽ കഴിയവെ ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് തെരുവോരം മുരുകന്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ രാജേശ്വരിയെ സന്ദർശിക്കാൻ എത്തിയെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല.