നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകിയെ നിയമത്തിന് വിട്ട് കൊടുക്കരുതെന്നും കൊലയാളിയെ സമൂഹത്തിന് മുന്നിലേക്കിട്ട് കൊടുക്കണമെന്ന് ജിഷയുടെ സഹോദരി ദീപ പറഞ്ഞു. ജിഷവധക്കേസിന്റെ ചുമതല എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ദീപ.
ക്രൂരമായ രീതിയിലാണ് തന്റെ സഹോദരിയെ കൊന്നത്. അവളുടെ ശരീരത്തിലെ മുറിവുകളിൽ നിന്നു തന്നെ മനസ്സിലാകും എത്രത്തോളം വേദന അനുഭവിച്ചുവെന്ന്. ഇത്രക്രൂരമായ രീതിയിൽ തന്റെ കുഞ്ഞനുജത്തിയെ കൊന്ന അയാളെ സമൂഹത്തിലേക്കിട്ട് കൊടുക്കണം. ഇഞ്ചിഞ്ചായായി അവൻ മരിക്കണം. ഇനിയൊരു അനുജത്തിക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്. എത്രയും പെട്ടന്ന് കേസ് തെളിയണം എന്നാണ് ദീപ പറഞ്ഞത്.
അതേസമയം, പുതിയ അന്വേഷണ സംഘത്തിൽ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരിയും വ്യക്തമാക്കിയിരുന്നു. സംശയമുള്ളവരെക്കുറിച്ച് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ജിഷയുടെ അമ്മ പറഞ്ഞു.