നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന. കൊലപാതകം ആസൂത്രിതമാണെന്നും പ്രതി ഒരാള്‍ മാത്രമാണെന്നുമുള്ള തീരുമാനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ജിഷയ്ക്കും കുടുംബത്തിനും അറിയാവുന്നയാളും നാട്ടുകാരനുമായ ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അന്യസംസ്ഥാനക്കാരിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നതിനായി പ്രതി ക്രൂരമായ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 200 ഓളം പേരെ ചോദ്യം ചെയ്തു. രണ്ടു ബസ് തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് സൂചന നല്കി. എ ഡി ജി പി എ ഹേമചന്ദ്രന്‍ നേരിട്ടെത്തിയാണ് അന്വേഷണ നടപടികള്‍ നിയന്ത്രിക്കുന്നത്. വെള്ളിയാഴ്ച രാവിലെ അയല്‍വാസികള്‍ നല്കിയ മൊഴി സംഭവത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുമെന്നാണ് നിഗമനം.