മകൻ കൊലക്കേസിൽ പ്രതിയെന്നറിഞ്ഞ് അസമിലെ കുടിലിൽ ഉമ്മ ബോധംകെട്ടു വീണു; അമീറുലിന് ഫോണുള്ള കാര്യം വീട്ടുകാർക്ക് അറിയില്ല, ഒരിക്കൽ പോലും വിളിച്ചിട്ടില്ലെന്ന് പ്രതിയുടെ മാതാവ്

ശനി, 18 ജൂണ്‍ 2016 (10:43 IST)
മകൻ കൊലപാതകക്കേസിൽ പ്രതിയാണെന്നറിഞ്ഞ അമീറുൽ ഇസ്ലാമിന്റെ മാതാവ് ഖദീജ ബോധംകെട്ടു വീണു. കേരളത്തിൽ നിന്നുമുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് അസം പൊലീസ് ആണ് വിവരം അമീറുലിന്റെ കുടുംബത്തെ അറിയിച്ചത്. പാവപ്പെട്ട കൃഷിക്കാർ താമസിക്കുന്ന ബർദ്വാ ഗ്രാമത്തിലെ കൊച്ചു കുടിലാണ് അമീറുൽ ഇസ്‌ലാമിന്റേത്.
 
മകൻ കൊലപാതകം ചെയ്തുവെന്ന് കരുതുന്നില്ലെന്ന് മാതാവ് ഖദീജ പറഞ്ഞു. അമീറുലിന് മൊബൈൽഫോൺ ഉള്ള കാര്യം അറിയത്തില്ലെന്നും ഒരിക്കൽ പോലും വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും ഖദീജ പറഞ്ഞു. കുടുംബവുമായി ബന്ധം പുലർത്താറില്ലായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപായി വന്നപ്പോൾ പണം ആവശ്യപ്പെട്ട് വാക്കുതർക്കത്തിലേർപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് കേരളത്തിലേക്കു തന്നെ മടങ്ങി.
 
മകൻ കൊലപാതകക്കേസിൽ പ്രതിയാണെന്നറിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിതാവ് നിജാമുദ്ദീൻ. ഇതുവരെ തിരികെ എത്തിയിട്ടില്ല. പുല്ലും തകരഷീറ്റും കൊണ്ടു നിർമിച്ച കൊച്ചു കൂരയാണ് അമീറുലിന്റെ വീട്. നാല് ആൺമക്കളും നാല് പെൺമക്കളുമാണ് ദമ്പതികൾക്കുള്ളത്. ആൺമക്കളിൽ ഇളയവനാണ് അമീറുൽ.
 
രണ്ടാം ക്ലാസ് വരെയേ അമീറുൽ പഠിച്ചിട്ടുള്ളു. പിന്നീട് പിതാവിനോടൊപ്പം കൃഷിപ്പണിക്ക് പോയിതുടങ്ങി. കൂടുതൽ കൂലികിട്ടുമെന്നതിനാൽ പിന്നീട് കേരളത്തിലേക്ക് പോവുകയായിരുന്നുവെന്നും കുടുംബംഗങ്ങൾ പറയുന്നു. തങ്ങൾ ഇവിടെ ജനിച്ചുവളർന്നവരാണെന്ന് ഖദീജ പറഞ്ഞു. തെളിവിനായി ഭർത്താവിന്റെ തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് അവർ ഹാജരാക്കി.  
 

വെബ്ദുനിയ വായിക്കുക