അതിദാരുണമായി സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെ ഇന്നലെ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ അടിയന്തരയോഗം ചേര്‍ന്നു.
പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ ഡോക്‌ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് നിയമം. ഇങ്ങനെ നിയമം നിലനില്ക്കേയാണ് അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പി ജി വിദ്യാര്‍ത്ഥിയെ ഏല്പിച്ചത്.
പ്രഫസര്‍, അസോഷ്യേറ്റ് പ്രഫസര്‍ തസ്‌തികകളില്‍ നാലു ഡോക്‌ടര്‍മാര്‍ ഉള്ളപ്പോള്‍ ആയിരുന്നു തികച്ചു നിയമവിരുദ്ധമായ നടപടി ഉണ്ടായത്. അതേസമയം, ഇന്നലെ ചേര്‍ന്ന യോഗത്തില്‍ റിപ്പോര്‍ട്ടും നടപടി ക്രമങ്ങളും തിരുത്തിയെഴുതാന്‍ നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ എതിര്‍ക്കുകയായിരുന്നു.
പിന്നീട്, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസോഷ്യേറ്റ് പ്രഫസറുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥി പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നെന്ന് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം ഉയരുകയും അംഗീകരിക്കുകയുമായിരുന്നു.