ജേക്കബ് തോമസിനെതിരെ നടപടി എടുക്കേണ്ട: ചീഫ് സെക്രട്ടറി

തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (12:13 IST)
സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കാട്ടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരിഗണനയ്‌ക്ക് വിട്ടിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനമെടക്കുക.

ജേക്കബ് തോമസിനെതിരെ നടപടിയെടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി വേണ്ട എന്ന നിലപാടിലെത്താന്‍ ചീഫ് സെക്രട്ടറിയെ പ്രേരിപ്പിച്ചത്. ബാര്‍കോഴ വിധിയെ അനുകൂലിച്ചും ഫ്ലറ്റ് ലൈസന്‍സ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്.

ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസ്താവനകളും ഫയര്‍ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ചോദ്യം ചെയ്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചതിനുമാണ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രണ്ടു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിലും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്‌തു. താന്‍ സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

വെബ്ദുനിയ വായിക്കുക