ജെസി ഡാനിയേല്‍ പുരസ്‌ക്കാരം; എംടിയുടെ പേരില്ലാതെ ക്ഷണക്കത്തിറക്കി

തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (17:50 IST)
2013 ലെ ജെസി ഡാനിയേല്‍ പുരസ്‌ക്കാരദാന ചടങ്ങിലേയ്ക്കുള്ള ക്ഷണക്കത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനായ എംടി വാസുദേവന്‍ നായരുടെ പേരില്ല. അതേസമയം ക്ഷണക്കത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്ന മന്ത്രിമാരുടെയും മറ്റ് വ്യക്തികളുടെയും പേര് ഉണ്ട്. ചലച്ചിത്ര അക്കാദമിയാണ് പുരസ്‌കാര ജേതാതാവിന്റെ പേരില്ലാതെ ഇത്തരത്തില്‍ ക്ഷണക്കത്ത് ഇറക്കിയത്.

ഈ വ്യഴാഴ്ച വൈകിട്ട് തിരുവനന്തപുരം കനകകുന്നില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് എംടിക്ക് പുരസ്ക്കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കുമെന്നും. മുഖ്യമന്ത്രി അവാര്‍ഡ് നല്‍കുമെന്നും ക്ഷണക്കത്തില്‍ വ്യക്തമായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അവാര്‍ഡ് ആര്‍ക്കാണ് നല്‍കുന്നതെന്ന് മാത്രം ക്ഷണക്കത്തില്‍ പറയുന്നില്ല. കാര്യപരിപാടിയിലും സ്വാഗതം മുതല്‍ നന്ദി പ്രകാശനം വരെയുള്ളവരുടെ പേരുകളിലും മലയാളത്തിന്റെ അല്‍ഭുത പ്രതിഭയുടെ പേരില്ല. അതേസമയം തന്നെ ചടങ്ങിനൊപ്പം ചലച്ചിത്ര അവാര്‍ഡ് വിതരണവും നടക്കുന്നുണ്ട് ഇതിന്‍റെ വിശദാംശങ്ങളും ക്ഷണക്കത്തിലില്ല.

എന്നാല്‍ ക്ഷണപത്രത്തില്‍ എംടി വാസുദേവന്‍ നായരുടെ പേര് ഇല്ലാതെ പോയത് വലിയ പിഴവാണെന്നും. തെറ്റ് തിരുത്തുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുരസ്‌കാര ജേതാവിന്റെ പേര് ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തറില്ലെന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പി രാജീവ് നാഥ് പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ക്ഷണക്കത്തിലും പുരസ്‌കാര ജേതാവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക