കാട വന്യജീവിയാണ്, തൊട്ടാല്‍ വിവരമറിയും!

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (13:37 IST)
കേരളത്തില്‍ വ്യാപകമായി മാസംത്തിനു വേണ്ടി വളര്‍ത്തുകയും ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന പക്ഷിയായ കാട വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.  ജാപ്പനീസ് ക്വയില്‍ ഇനത്തിലുള്ള കാട പക്ഷിയെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാംവകുപ്പ് പ്രകാരമാണ് വന്യജീവിയാക്കിയത്.
 
ഈ നിയമപ്രകാരം ഇത്തരം ജീവികളെ കൊല്ലാനോ വേട്ടയാടാനോ പാടില്ല. എന്നാല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമത്തേക്കുറിച്ചോ അതിന്റെ വകുപ്പുകളേക്കുറിച്ചോ വ്യക്തമായ ധാരണ കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇല്ല. 2011 സപ്തംബര്‍ 22ന് കാട വളര്‍ത്തുന്നതിനേ തടഞ്ഞുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രകൃതി ശ്രീവാസ്തവ ഇറക്കിയ ഉത്തരവിനേക്കുറിച്ചും കേരളത്തിന് അറിവില്ല.
 
അതേ സമയം കേരളത്തിലേ കാടവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നടത്തുന്ന കര്‍ഷകര്‍ പുതിയ വെളിപ്പെടുത്തലോടെ ആശങ്കയിലായിട്ടുണ്ട്. പലരും ലോണെടുത്താണ് കാടവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നത്. എടപ്പാളില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ഥി നടത്തുന്ന കാട ഫാമില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് സംബന്ധിച്ച അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റോയല്‍ എസ്പിസിഎ അംഗം വിനോദ്കുമാര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് സര്‍ക്കാരിന്റ ഈ വിശദീകരണം.
 
കാട വളര്‍ത്തുന്നതിന് അനുമതി നല്‍കരുതെന്ന ഉത്തരവ് നിലവിലുണ്ടെന്ന മറുപടി നല്‍കിയതിനു പിന്നാലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കാടപ്പക്ഷികളെ കൂട്ടത്തോടെ  കൊന്നൊടുക്കിയത് സംബന്ധിച്ച് ജില്ലാകളക്ടറോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപ്രകാരം കാട വളര്‍ത്തുന്നതിന് അനുമതി നല്‍കാതിരിക്കണമെന്നും നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കി നല്‍കരുതെന്നും വ്യവസ്ഥയുണ്ട്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക