എസ് എഫ് ഐ ഒറ്റുകാർ; സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് ജനയുഗം മുഖപത്രം

തിങ്കള്‍, 6 ഫെബ്രുവരി 2017 (10:14 IST)
ലോ അക്കാദമി വിഷയത്തിൽ ബി ജെ പിയും കോൺഗ്രസും സി പി എയും ഒന്നിച്ചപ്പോൾ ഒറ്റക്കായിരിക്കുകയാണ് സി പി എം. വിഷയത്തിൽ സി പി എം - സി പി ഐ ഭിന്നത പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ലോ അക്കാദമി വിഷയത്തില്‍ സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനമാണ് പാർട്ടി മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
ഇതോടെ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സി പി എമ്മും സി പി ഐയും എന്ന് വ്യക്തം. റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന് ലേഖനത്തിലൂടെ ചോദിക്കുന്നു. സര്‍ സി പി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ... എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ രൂക്ഷമായ വിമര്‍ശനമാണുള്ളത്. 
 
സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റിന്റെ മോഗാഫോണായി മാറിയെന്നു കുറ്റപ്പെടുത്തുന്നു. എസ്എഫ്ഐയെ ഒറ്റുകാരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ അന്തര്‍ധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്ന് ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്ന് വിശേഷിപ്പിക്കുന്നതില്‍ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ട്. ആ ദുഃഖത്തിന് നീതിനിരാസത്തില്‍ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്. 
 
ലോ അക്കാദമിയില്‍ നടന്നതിനേയും ലക്ഷ്മി നായരേയും വിമര്‍ശിച്ചുകൊണ്ട് കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോ എന്നും ലേഖനം ചോദിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക