കേരള കോണ്‍ഗ്രസും മുസ്‌ലീം ലീഗും എല്‍ഡിഎഫിനൊപ്പം വേണ്ടെന്ന മുന്നറിയിപ്പ് നല്‍കി സിപിഐ മുഖപത്രം ജനയുഗം. ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന തലവാചകത്തിലെഴുതിയ ലേഖനത്തിലാണ് കേരള കോണ്‍ഗ്രസും ലീഗും എല്‍ഡിഎഫില്‍ വേണ്ട എന്ന നിലപാടുമായി ജനയുഗം രംഗത്ത് വന്നത്.
കേരളാ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും അന്യവര്‍ഗ ചിന്താഗതിയാണ്. ഒരു ലേഖനമോ മുഖപ്രസംഗമോ കൊണ്ട് ഇടതുപക്ഷത്തിന്റെ ജനകീയ രേഖ ഭേദഗതി ചെയ്യാമെന്ന് ആരും വെയില്‍ കായേണ്ട. അഴിമതിയുടെ അന്ധത ബാധിച്ച മാണി അഴിമതി കൂടാരത്തില്‍ നിന്നു പുറത്ത് വന്നാല്‍ വിശുദ്ധനാകില്ല. വര്‍ഗീയതയ്ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് മുസ്‌ലീം ലീഗ്. ഇവര്‍ ഇങ്ങോട്ട് വന്നാല്‍ മാണിയുടേയും ലീഗിന്റേയും മേലുള്ള പാപക്കറ കഴുകി പോകുന്നത് എങ്ങനെയാണെന്നും ജനയുഗം ലേഖനത്തില്‍ ചോദിക്കുന്നു.
സ്ത്രീ സുരക്ഷക്ക് ഗോവിന്ദച്ചാമിയേയും അമീറുല്‍ ഇസ്‌ലാമിനേയും ഹിന്ദു വര്‍ഗീയത എന്ന കാന്‍സര്‍ ശസ്ത്രക്രിയക്ക് നേരെ നരേന്ദ്രമോദിയേയും മോഹന്‍ ഭാഗവതിനേയും വിളിക്കുന്നത് പോലെയാണ് മാണിയോട് ചില കേന്ദ്രങ്ങള്‍ക്കുള്ള ആഗ്രഹം. എവിടെ നന്‍മയുണ്ടോ അവിടെ ഞാനുണ്ടെന്ന മാണിയുടെ പ്രസ്താവന എവിടെ മന്ത്രിയുണ്ടോ അവിടെ ഞാനുണ്ടെന്നതിന്റെ പാഠഭേദമാണ്.
ജനവിരുദ്ധര്‍ക്ക് ഐസ്‌ക്രീം കച്ചവടം നടത്താനും കോടികളുടെ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന യന്ത്രം സ്ഥാപിക്കുന്നതിനുമുള്ള വഴയമ്പലമല്ല ഇടതുമുന്നണി. അത് ലക്ഷ്യമിട്ട് വരുന്ന ചെമ്പരുന്തുകള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ചിറകരിഞ്ഞ് വീഴും. മദ്യനയം പൊളിച്ചെഴുതാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. പക്ഷെ, സര്‍ക്കാരിനെ ചീത്തയാക്കാന്‍ പൊളിച്ചെഴുത്തുകാര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുമെന്നും അതുകൊണ്ട് സൂഷ്മത വേണമെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.