പ്രശ്‌നങ്ങള്‍ ജനകീയ സര്‍ക്കാരിനെ അറിയിച്ചു, ജോലിയുമായി ശക്തമായി മുന്നോട്ട് പോകും; ജേക്കബ് തോമസ് വിജിലൻസ് മേധാവി സ്ഥാനത്ത് തുടര്‍ന്നേക്കും
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (14:09 IST)
രണ്ടുദിവസമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിടുന്നുവെന്ന രീതിയിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടരുമെന്ന് സൂചന നൽകി ജേക്കബ് തോമസ്. വിജിലന്‍സിലെ ജോലിയുമായി ശക്തമായി മുന്നോട്ട് പോകും. വിജിലന്‍സിലെ പ്രശ്‌നങ്ങള്‍ ജനകീയ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസിന് ലഭിച്ച പരാതികൾ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാരിന് ലഭിച്ച പരാതികൾ സർക്കാരല്ലേ അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ഇന്ന് പ്രതികരിച്ചു. അതേസമയം, വിജിലന്‍സിന്റെ കീഴില്‍ നടക്കുന്ന റെയ്‌ഡുകളുമായി ജേക്കബ് തോമസ് മുന്നോട്ടു പോകുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിൽ കണ്ട് ജേക്കബ് തോമസ് തന്റെ ഭാഗം വിശദീകരിക്കാനും സൂചനയുണ്ട്. ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സിപിഎമ്മിന്റെയും നിലപാട്. ഇക്കാര്യം പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
സ്‌ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ കത്ത് ആഭ്യന്തര സെക്രട്ടറി ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുടർന്ന് തിരക്കിട്ട കൂടിയാലോചനകൾ നടന്നെങ്കിലും സർക്കാർ ജേക്കബ് തോമസിന് ഒപ്പം നിൽക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.