പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ല, അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയും; എല്ലാ വകുപ്പുകളും നിരീക്ഷിക്കും- ജേക്കബ് തോമസ്
അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയുമെന്ന് വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റ ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കാര്‍ക്ക് മുന്‍ കാലങ്ങളില്‍ ഉണ്ടായതു പോലെയുള്ള നടപടികളാവില്ല ഇനിയുണ്ടാകുക. പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ല. കാര്യങ്ങൾ വൃത്തിയായി ചെയ്യുന്നതിലാണ് വിജിലൻസ് ഇനി ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ക്രിയാത്മക വിജിലൻസ് എന്ന ആശയവുമായി മുന്നോട്ടുപോകും. അത്തരമൊരു സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കൂടി പ്രകാശിക്കാനുള്ള അവസരം നൽകുക എന്നതാണ് ക്രിയാത്മക വിജിലൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫൗൾ പ്ലേ ഇനിയുണ്ടാവില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
എല്ലാ വകുപ്പുകളെയും നിരീക്ഷിച്ചു കൊണ്ടാകും മുന്നോട്ടു പോകുക. അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തിൽ പൊതുജനം പലതരം അഴിമതികൾ നേരിടുന്നു. ഇത്തരം അഴിമതികൾ അവസാനിപ്പിക്കണം. പൊതുമുതൽ നഷ്ടപ്പെടുന്നതും അവസാനിപ്പിക്കണമെന്നും വിജിലൻസ് മേധാവിയായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് പറഞ്ഞു.