മെറിന്‍ ജേക്കബിന്റെ ഐ എസ് ബന്ധം; കൊച്ചിയിലെ സ്കൂളിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

Webdunia
വ്യാഴം, 28 ജൂലൈ 2016 (10:52 IST)
ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന മറിയം എന്ന മെറിൻ ജേക്കബ് അധ്യാപികയായി ജോലി ചെയ്തിരുന്ന കൊച്ചിയിലെ സ്കൂളിനെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം. കഴിഞ്ഞവർഷം ശ്രീനഗറിൽനിന്നു രണ്ടുലക്ഷം രൂപ സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്കു എത്തിയിരുന്നു. ഇതിനെകുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഏജൻസികളടക്കമുള്ളവര്‍ ശേഖരിച്ചു വരുകയാണ്
 
ഈ സ്കൂളുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സ്കൂളിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റ് 17നാണ് സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ശ്രീനഗറിൽ നിന്നു രണ്ടുലക്ഷം രൂപ നിക്ഷേപിച്ചത്. കൂടാതെ ഹൈദരാബാദിൽനിന്ന് ഒരു ലക്ഷം രൂപയും ഇതേ ദിവസം  സ്കൂളിന്റെ അക്കൗണ്ടിത്തിയിരുന്നു.
 
മുംബൈയിലെ കോൾ സെന്ററിലാണ് മെറിൻ ജേക്കബ് ആദ്യം ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഇസ്‍ലാം മതം സ്വീകരിച്ച മെറിനെ 2014 ഒക്ടോബറിലാണ് മാതാപിതാക്കൾ  നാട്ടിലേക്കു കൊണ്ടുവന്നത്. മകളുടെ മതംമാറ്റത്തെ മാതാപിതാക്കൾ എതിർത്തു. എന്നാല്‍ നാട്ടിലെത്തിയ ശേഷം മെറിൻ കൊച്ചി ചക്കരപ്പറമ്പിലെ ഒരു സ്കൂളിലും പിന്നീട് ഇതേ സ്കൂളിന്റെ പറവൂർ തത്തപ്പള്ളിയിലെ ശാഖയിലും അധ്യാപികയായി ജോലി ചെയ്തു.
 
അതേസമയം, ഭർത്താവ് ബെൻസ്റ്റൺ എന്ന യഹിയയുടെ നിർദേശമനുസരിച്ചാണു മെറിൻ ഈ സ്കൂളുകളിൽ ജോലി ചെയ്തതെന്നു അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. മെറിനും ഭർത്താവും ഭർതൃസഹോദരനും ഭാര്യയും ഉൾപ്പെടെ 21 മലയാളികളെയാണ് അടുത്തിടെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇവരെല്ലാവരും ഐഎസിൽ ചേർന്നതായാണ് അന്വേഷണ ഏജൻസികള്‍ സംശയിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article