സൂപ്പര്‍ സണ്‍ഡേയ്‌ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ആദ്യ സീസണില്‍ നഷ്‌ടമായ കപ്പ് സ്വന്തമാക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം അരലക്ഷത്തോളം പേര്‍ ഗ്യാലറിയില്‍ എത്തുമ്പോള്‍ കൊച്ചിലെ ഐഎസ്എല്‍ ഫൈനല്‍ ഒരു ആഘോഷമായി തീരുമെന്നതില്‍ സംശയമില്ല. കൊമ്പന്മാരുടെ ജൈത്രയാത്ര കപ്പ് ഉയര്‍ത്താനുള്ളതാണെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ആരാധകര്‍.
ഇക്കുറി കൊച്ചിയില്‍ നടന്ന എട്ട് കളികളില്‍ ആറെണ്ണത്തില്‍ തുടര്‍ച്ചയായി ജയം കണ്ട ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലും ആ മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പതിയെത്തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിലെ മിന്നും ടീമായി മാറിയത് കളി മികവ് കൊണ്ടു തന്നെയായിരുന്നു. പരിശീലകന്‍ സ്‌റ്റീവ് കോപ്പലിന്റെ മൂര്‍ച്ചയേറിയ തന്ത്രം മുതല്‍ സികെ വിനീതിന്റെ ഫോം വരെ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തായി. പ്രതിരോധത്തില്‍ ജിങ്കാൻ നടത്തുന്ന ധീരമായ ഇടപെടലുകളും തിരസ്‌കരിക്കാന്‍ കഴിയുന്നതല്ല.
ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത:-
കളി കൊച്ചിയിലായതു കൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ വളരെ കൂടുതലാണ്. സമനിലകളും തോല്‍വികളുമായി തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് സ്വന്തം തട്ടകം തന്നെയാണ്. ഓരോ മുന്നേറ്റത്തിലും ആരവമുയരുന്ന ഗ്യാലറിയെ സംതൃപ്‌തിപ്പെടുത്താന്‍ കോപ്പലിന്റെ കുട്ടികള്‍ക്കാവും.
ഓരോ മത്സരത്തിലും പുതിയ തന്ത്രങ്ങള്‍ പരിക്ഷിക്കുകയും ആദ്യ പകുതി കഴിഞ്ഞ് ആ തന്ത്രത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന കോപ്പലിന്റെ രീതിയാണ് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ശക്തി-ദൗർബല്യങ്ങൾ മനസിലാക്കി കടഞ്ഞെടുത്ത ടീമിന്റെ ശക്തി എന്നത് പ്രതിരോധമാണ്. മികച്ച മധ്യ മുന്നേറ്റ നിരയില്ലാത്തതിനാല്‍ അവസരമുണ്ടാക്കി മൂന്നേറുക എന്ന തന്ത്രമാണ് കോപ്പല്‍ പുറത്തെടുക്കുന്നത്.
ആരോണ്‍ ഹ്യൂസ്, ഹെങ്ബർത്ത്, ജിങ്കാൻ, ഹോസു, കാദിയോ എന്നിവര്‍ നടത്തുന്ന പ്രകടനം മികച്ചതാണ്. ഫൈനലില്‍ കരുത്തരായ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ നൂറ് ശതമാനം ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുള്ള പ്രകടനം നടത്തിയാല്‍ മാത്രമെ ജയിക്കാന്‍ സാധിക്കൂ.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധമെന്നാല്‍ ജിങ്കാന്റെ പോരാട്ടമാണ്. അദ്ദേഹം നടത്തിയ ഇടപെടലുകളാണ് കൊമ്പന്മാരെ ഫൈനലില്‍ വരെ എത്തിച്ചതെന്നു പറയാം. മലയാളികളുടെ ഹ്യൂമേട്ടനും സൂപ്പര്‍ താരവുമായ ഇയാന്‍ ഹ്യൂമടക്കമുള്ള കൊല്‍ക്കത്തയുടെ മുന്നേറ്റ നിരയെ തടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ലെങ്കില്‍ കപ്പ് കൊല്‍ക്കത്തയ്‌ക്ക് പോകും.
മലയാളി താരം സി കെ വിനീതിന്റെ വരവോടെ ഫോമിലേക്കുയര്‍ന്ന മഞ്ഞപ്പടയില്‍ ഹെംഗ്‌ബര്‍ട്ട്, മെഹ്‌താബ് ഹുസൈന്‍, നാസോണ്‍ എന്നിവരുമുണ്ട്. ആദ്യ വിജയം കണ്ടെത്താന്‍ മാത്രമല്ല, ആദ്യ ഗോള്‍ നേടാന്‍ വരെ നാലാം മത്സരം വരെ കാത്തിരിക്കേണ്ടി വന്ന ടീം ഇന്ന് ഗോള്‍ അടിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നില്ല. ഫൈനലില്‍ ഗോള്‍ നേടാന്‍ വേണ്ടി മാത്രമാകണം കളിക്കേണ്ടത്. ആദ്യം മുതല്‍ ഗോള്‍ നേടാനും അടിപ്പിക്കാനുമുള്ള അതിശക്തമായ നീക്കങ്ങള്‍ ഉണ്ടാവണം. ആരാധകരുടെ പിന്തുണ ശക്തമാകുമെന്ന് ഉറപ്പുള്ളതിനാല്‍ എതിരാളികളുടെ മെല്‍ മാനസികാധ്യപത്യം നേടാന്‍ മഞ്ഞപ്പടയ്‌ക്കാകും.
ആദ്യ മൽസരങ്ങളിൽ നിരാശ പകര്‍ന്ന മെഹ്‌താബിന്റെ ഇപ്പോഴത്തെ പ്രകടനം കൈയടി നേടുന്നതാണ്. സെമിഫൈനലിൽ ഡൽഹിക്കെതിരെ മലൂദയെ പൂട്ടിയ രീതി മാത്രം മതിയാകും മെഹ്‌താബിന്റെ കഴിവ് മനസിലാക്കാന്‍. കോപ്പല്‍ നിര്‍ദേശിക്കുന്നതു പോലെ കളിക്കുന്ന അദ്ദേഹത്തിന് അവസാന അങ്കത്തില്‍ കൂടുതല്‍ മികവ് പുറത്തെടുക്കാന്‍ സാധിക്കണം. വിനീതും ജര്‍മ്മനും ഗോള്‍ അടിക്കാന്‍ കെല്‍പ്പുള്ളവരാണ്. 60മിനിറ്റിന് ശേഷം ജര്‍മ്മനെ ഗോളടിക്കാനായി അഴിച്ചു വിടുന്ന കോപ്പലിന്റെ തന്ത്രം എതിരാളികളെ പ്രതിരോധം തകര്‍ക്കാന്‍ കൂടിയുള്ളതാണ്.
കൊച്ചിയിലെ സ്വപ്ന ഫൈനലിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ ഹോസുവുണ്ടാകില്ല എന്നതു മാത്രമാണ് നിരാശ പകരുന്നത്. കേരളത്തിനായി മരണക്കളി കളിച്ച ഈ സ്‌പെയിന്‍ താരത്തിന്റെ അഭാവം ഫൈനലില്‍ നിഴലിക്കുമെന്ന് ഉറപ്പാണെങ്കിലും അങ്ങനെ ഉണ്ടാകാത്ത പ്രകടനം പുറത്തെടുക്കാന്‍ മറ്റ് താരങ്ങള്‍ക്കാകണം. തുടർച്ചയായ രണ്ടു മൽസരങ്ങളിലും മഞ്ഞക്കാർഡ് കണ്ടതാണു വിനയായത്.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത:-
പോര്‍ച്ചുഗീസ് താരം ഹെല്‍ദര്‍ പൊസ്‌റ്റീഹയെന്ന മാര്‍ക്വീ താരത്തിന്റെ കരുത്തുലിറങ്ങുന്ന കൊല്‍ക്കത്ത നിരയില്‍ ഇയാള്‍ ഹ്യൂം, പ്രീതം കോട്ടാല്‍, യുവാന്‍ ബെലന്‍കോസോ, സ്‌റ്റീഫന്‍ പിയോഴ്‌സണ്‍, കീഗന്‍ പെരേര, ലാല്‍രില്‍ദ്ധിക, റാല്‍തെ തുടങ്ങിയ സൂപ്പര്‍ താരങ്ങാളുണ്ട്. മുന്‍ സ്‌പാനിഷ് ഗോളി ജോസ് മൊളീന പരിശീലിപ്പിക്കുന്ന ടീം ആക്രമണത്തിലും പ്രതിരോധത്തിലും ഒട്ടും പിന്നില്ല. 13 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയ ഹ്യൂമിനെ ഭയക്കേണ്ടതുണ്ട്.
പിയോഴ്‌സന്റെയും ഹ്യൂമിന്റെ ചുമലില്‍ ഏറിയാണ് കൊല്‍ക്കത്തയുടെ ഈ സീസണിലെ ജയങ്ങള്‍. ഇവരെ നിലയ്‌ക്കു നിര്‍ത്താന്‍ മഞ്ഞപ്പടയ്‌ക്ക് സാധിച്ചാല്‍ പകുതി ജയിച്ചു എന്നു പറയാം. മുന്നേറ്റമാണ് ഹ്യൂമിന്റെയും സംഘത്തിന്റെയും കരുത്ത് അത് തടയാന്‍ ജിങ്കാന്‍ നയിക്കുന്ന പ്രതിരോധത്തിനും സാധിക്കണം. അല്ലെങ്കില്‍ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീര് വീഴുമെന്നുറപ്പാണ്.