ഐഎസ് ബന്ധം; തിരുവനന്തപുരത്തും കരിപ്പൂരിലുമായി നാല് പേര്‍ കസ്റ്റഡിയില്‍
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (07:54 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ സംസ്ഥാനത്ത് നാലുപേര്‍ കസ്‌റ്റഡിയില്‍. കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്‌റ്റഡിയിലെടുത്തപ്പോള്‍ മറ്റ് രണ്ടു പേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് കസ്‌റ്റഡിയിലെടുത്തത്.
കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. പുലര്‍ച്ചെ അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. അബൂദബിയില്‍ നിന്ന് വിസ റദ്ദാക്കി നാട്ടിലെത്തിയവരാണ് ഇരുവരും. ഇരുവരും കൊണ്ടുവന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് അബൂദബി ജയിലില്‍ കഴിഞ്ഞതാണ് ഇരുവരെന്നും സൂചനയുണ്ട്. അതേസമയം, ഇവരുടെ ഐഎസ് ബന്ധം ഉറപ്പിച്ചിട്ടില്ല.
പുലര്‍ച്ചെ എത്തിഹാദ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളെയാണ് ഐ.എസ് ബന്ധം സംശയിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. വിസ റദ്ദാക്കി അബുദാബിയില്‍ നിന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു. കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍ സ്വദേശി ആരോമല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ എന്‍ഐഎ ചോദ്യം ചെയ്തു വരുകയാണ്. അനസും കുടുംബവും 20 വര്‍ഷമായി അബുദാബിയില്‍ താമസമാക്കിയവരാണ്. അവിടെവെച്ച് സംശയകരമായ പലസാഹചര്യങ്ങളിലും അനസിനെ പിടികൂടിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുള്ളവര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. വിസ റദ്ദാക്കി നാട്ടിലേക്ക് എത്തുന്ന സാഹചര്യമാണ് കൂടുതല്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയെ ഇരുവരെയും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികള്‍ ഐഎസില്‍ എത്തിയതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.