കൊവിഡ് സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ കോച്ചുകള്‍ നിര്‍മിച്ചു

ശ്രീനു എസ്

ബുധന്‍, 15 ജൂലൈ 2020 (09:52 IST)
കൊവിഡ് വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി കപൂര്‍ത്തലയിലെ റെയില്‍വേകോച്ച് ഫാക്ടറി സുരക്ഷിത യാത്രയ്ക്കായി ഒരു പുതിയ കോച്ചിന് രൂപകല്‍പ്പന നല്‍കി. കൈകള്‍ ഉപയോഗിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികളും, കൊളുത്തുകളും, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കോവിഡ് മുക്ത സുരക്ഷിത യാത്രയ്ക്കായി കോച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്‌പെന്‍സര്‍, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേയ്ക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്‌ളഷ് വാല്‍വ്, വാഷ് ബേസിന്‍, കൈമുട്ട് കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി എന്നിവയാണ് കൈ നേരിട്ട് സ്പര്‍ശിക്കാതെ ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍. ചെമ്പ് പ്രതലത്തില്‍ വൈറസിന് അധിക സമയം പ്രവര്‍ത്തന ക്ഷമമായി നില്‍ക്കാനാവില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ കൈപ്പിടികള്‍, കൊളുത്തുകള്‍ എന്നിവയില്‍ ചെമ്പ് പൂശി. എ.സി. കോച്ചുകളുടെ ഉള്‍വശത്തുള്ള വായു ശുദ്ധീകരണത്തിന് എ.സി. ഡക്ട് വാല്‍വുകളില്‍ പ്ലാസ്മ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍