അഫ്‌ഗാനിസ്ഥാനില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനപരമ്പരയില്‍ 25 മരണം; കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും

ചൊവ്വ, 21 ജൂണ്‍ 2016 (09:57 IST)
അഫ്‌ഗാനിസ്ഥാന്‍ തലസ്ഥാനമായ  കാബൂളില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനപരമ്പരയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഡെറാഡൂണ്‍ സ്വദേശികളായ ഗണേഷ് ഥാപ്പ, ഗോവിന്ദ സിങ് എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.
 
അതേസമയം, 14 പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. തലസ്ഥാനമായ കാബൂളിലെ ജലാലാബാദില്‍ ചാവേര്‍ മിനി ബസിനു നേരെ പൊട്ടിത്തെറിച്ചാണ് 14 നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. ബസില്‍ ഉണ്ടായിരുന്ന കനേഡിയന്‍ എംബസി ജീവനക്കാരും മരിച്ചു.
 
ഈ സ്ഫോടനം നടന്ന് മൂന്നു മണിക്കൂറിനുള്ളില്‍ ആയിരുന്നു രണ്ടാമത്തെ സ്ഫോടനം. വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ രാഷ്‌ട്രീയനേതാവിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും എം പി അതാഉല്ല ഫൈസാനി അടക്കം ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക