27-ാം രാജ്യാന്തര ചലച്ചിത്ര മേള: സുവര്‍ണചകോരം ഉതമയ്ക്ക്, പ്രേക്ഷകപ്രീതി നന്‍പകല്‍ നേരത്ത് മയക്കത്തിന്

സിആര്‍ രവിചന്ദ്രന്‍

ശനി, 17 ഡിസം‌ബര്‍ 2022 (13:52 IST)
27-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം സ്പാനിഷ് ചിത്രം ഉതമയ്ക്ക്. വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദര്‍ശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ടര്‍ക്കിഷ് സംവിധായകന്‍ തൈഫൂണ്‍ പിര്‍സെ മോഗ്ഗ്ളൂവിനാണ് . ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ കെര്‍ എന്ന ചിത്രമാണ് മോഗ്ഗ്ളൂവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് .
 
മലയാള ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കമാണ് മേളയിലെ  പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി.
 
മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ആലത്തിനാണ് .ഫിറാസ് ഹൗരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.റോമി മെയ്‌തെയ് സംവിധാനം ചെയ്ത അവര്‍ ഹോം മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി .നെറ്റ്പാക് സ്പെഷ്യല്‍  ജൂറി പരാമര്‍ശവും അവര്‍ ഹോമിനാണ്.
 
മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി . ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അമര്‍ കോളനിയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ചൗഹാന്‍  തെരെഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവര്‍ ഓണ്‍ ആണ്  ഈ വിഭാഗത്തിലെ മികച്ച ചിത്രം.രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിന് ഈ ചിത്രത്തില്‍ അഭിനയിച്ച  മനീഷാ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍