ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം എങ്ങനെ ലോകായുക്തയ്ക്ക് നൽകും? ഗവർണറോട് സർക്കാർ

ബുധന്‍, 2 ഫെബ്രുവരി 2022 (14:24 IST)
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ വിശദീകരണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തയ്ക്ക് നൽകുക എന്നതാണ് സർക്കാർ ചോദ്യം. സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതോടെ ഗവര്‍ണര്‍ എടുക്കുന്ന തുടര്‍ നടപടികള്‍ നിര്‍ണായകമാകും.
 
ഗവര്‍ണര്‍ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ ലോകായുക്തക്ക് കഴിയില്ല. 86ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനം സംബന്ധിച്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
 
ഒരു പൊതുപ്രവര്‍ത്തകന്റെ സ്ഥാനം  റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാന്‍ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തിൽ പറഞ്ഞിരുന്നു. എനാൽ ഇതിനെതിരെ 1986-ലെ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ വിധി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
 
ലോകയുക്ത നിയമം നിലവില്‍ വന്നിട്ട് ഇത്രകാലമായിട്ടും എന്തുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാരിന് തോന്നാതിരുന്നതെന്നും ഇപ്പോൾ മാറ്റം വരുത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനല്ലേയെന്നും പ്രതിപക്ഷ നേതാവ് നിവേദനത്തില്‍ ചോദിച്ചിരുന്നു.ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിന്റെ നിയമപരമായ സാധുത ഇതുവരെ ജൂഡീഷ്യല്‍ അവലോകനത്തിന് വിധേയമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍