തലസ്ഥാനത്ത് രണ്ട് ദിവസമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ഹൈടെക് രീതിയിൽ എ ടി എമ്മുകളിൽ നിന്നും പണം കവർന്നു എന്നത്. പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ വിവരങ്ങളാണ് ലഭ്യമാകുന്നത്. എ ടി എം കവർച്ച നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. റുമാനിയക്കാരായ മൂന്ന് യുവാക്കൾ ആണ് തലസ്ഥാനത്തെ നടുക്കിയ തട്ടിപ്പിന് പിന്നിൽ എന്ന് തെളിഞ്ഞിരിക്കുകയാണ്. യുവാക്കൾ ശഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ക്രിസ്റ്റിൻ വിക്ടർ, ഇലി, ഫ്ലോറിക് എന്നീ യുവാക്കളാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് പേരും മാസങ്ങളായി തലസ്ഥാന നഗരിയിൽ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. വിനോദസഞ്ചാരികൾ എന്ന വ്യാജേന മൂവരും നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. നഗരത്തിലെ പ്രമുഖ ഹോട്ടലിലെ രജിസ്റ്ററിൽ നിന്നുമാണ് മൂവരുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
പാസ്പോർട്ടുകളുടെ കോപ്പിയാണ് ഹോട്ടലുകാർ പൊലീസിന് നൽകിയത്. ഇവരുടെ പാസ്പോർട്ട് വ്യാജമാണോ എന്ന് വിദ്ഗ്ധ സംഘം അന്വേഷിച്ച് വരികയാണ്. ജൂൺ, ജൂലൈയ്, ഓഗസ്റ്റ് മാസങ്ങളായി ഇവർ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന വിവരം വ്യക്തമാകുമ്പോൾ തട്ടിപ്പിനിരയായവരുടെ എണ്ണവും പണത്തിന്റെ വ്യാപ്തിയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
എ ടി എം കൗണ്ടറുകളിൽ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിച്ച ശേഷം കാർഡ് വിവരങ്ങൾ ചോർത്തി പണം കവരുകയായിരുന്നു മൂവരുടെയും രീതി. ആഗോളതലത്തിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് കവർച്ച നടന്നത്. കേരളം പോലൊരു കൊച്ചു സംസ്ഥാനം കവർച്ചയ്ക്ക് പറ്റിയ സ്ഥലമാണെന്ന് വിദേശികളായ തട്ടിപ്പുകാർക്ക് തോന്നാനുണ്ടായ കാരണമെന്ത്?. കേരളത്തിൽ ഇതാദ്യ സംഭവമാണ്.
വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ പുരർത്തിറങ്ങിയ റോബിൽഹുഡ് എന്ന ചിത്രത്തിന്റെ രീതികൾ തന്നെയാണ് ഇവരും ഉപയോഗിച്ചിരിക്കുന്നത് എന്നത് അവിശ്വസനീയമാണ്.