കുഞ്ഞനന്തന് ചികിത്സ വേണമെന്ന് സര്‍ക്കാര്‍; പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി, പിന്നാലെ കടുത്ത വിമര്‍ശനവും
വെള്ളി, 8 ഫെബ്രുവരി 2019 (13:09 IST)
ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ അഭിഭാഷകരോടാണ് കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകനെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു.
കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ സഹായിയായി ഒരാളെ നിര്‍ത്തിയാല്‍ മതി. ചികിത്സ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു.
ചികിൽസയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോൾ നേടി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടിപി വധക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ചികിൽസയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള കുഞ്ഞനന്തന്റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.