‘സമരം നിയമപരമായ നടപടിയല്ല’; കെഎസ്ആർടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു - ചർച്ചയിൽ പങ്കെടുക്കാൻ യൂണിയനുകൾക്ക് നിർദേശം

ബുധന്‍, 16 ജനുവരി 2019 (15:23 IST)
കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സമരം നിയമപരമായ നടപടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കെഎസ്ആർടിസി യൂണിയനുകൾ നാളെ മുതൽ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കണമെന്നും ചൊവ്വാഴ്‌ച കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അനുരജ്ഞന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉച്ചയ്ക്ക് അറിയിക്കണമെന്നും കോടതി അവശ്യപ്പെട്ടു.

സമരവുമായി യോജിക്കാനാകില്ലെന്നും കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണെന്ന കാര്യം ഓര്‍മ്മ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. സമരം ചെയ്യാന്‍ അവകാശമുള്ളതു പോലെ അത് നിയന്ത്രിക്കാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ബാധ്യത എംഡിക്കുണ്ട്. പ്രശ്നം പരിഹരിക്കുന്നതിൽ എംഡിയുടെ നിലപാട് ശരിയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍