ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരുപതിലധികം മൊഴികള്‍ അതീവ ഗൗരവസ്വഭാവം ഉള്ളത്; പോക്‌സോ പരിധിയില്‍ വരുന്ന ആരോപണങ്ങളും

രേണുക വേണു

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (09:59 IST)
ഹേമ കമ്മിറ്റിയ്ക്കു മുന്‍പാകെ ലൈംഗികാതിക്രമവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം. ഈ വെളിപ്പെടുത്തലുകളില്‍ നിയമനടപടി വേണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം. ഇന്നലെ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് വിലയിരുത്തല്‍. 
 
ഗൗരവസ്വഭാവമുള്ള മൊഴികള്‍ നല്‍കിയവരില്‍ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ടു ബന്ധപ്പെടാനാണു അന്വേഷണ സംഘത്തിന്റെ നീക്കം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തിയതിക്കുള്ളില്‍ കേസെടുക്കും. 
 
മൊഴി നല്‍കിയവരില്‍ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്. ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. ഗൗരവസ്വഭാവമുള്ള വെളിപ്പെടുത്തലുകളില്‍ പോക്‌സോ കേസ് പരിധിയില്‍ വരുന്ന മൊഴികളും ഉണ്ടെന്നാണ് വിവരം. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനമുണ്ടാവുക.
 
അതേസമയം കേസില്‍ എസ്‌ഐടിയുടെ (പ്രത്യേക അന്വേഷണ സംഘം) മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പലര്‍ക്കും താല്‍പര്യമില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.
 
ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മൊഴി നല്‍കിയവര്‍ക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല. ഇത്തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ കേസ് എടുക്കണമെന്നാണ് കോടതി നിലപാട്. അതേസമയം കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ഇരകളായവര്‍ പറഞ്ഞാല്‍ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍