ലൈംഗികാതിക്രമത്തിനു സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകനെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

ചൊവ്വ, 1 മാര്‍ച്ച് 2022 (12:11 IST)
തൃശൂർ: ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകനെ അറസ്റ്റ് ചെയ്തു. അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകനായ ഡോ.എസ്.സുനിൽ കുമാറിനെയാണ് സർവകലാശാല വൈസ് ചാൻസലർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

കഴിഞ്ഞ നവംബർ 21 നായിരുന്നു വിസിറ്റിങ് ഫാക്കൽറ്റി ആയി എത്തിയ സുനിൽ കുമാർ ലൈംഗികാതിക്രമം നടത്തി എന്ന പരാതി നൽകിയത്. രണ്ട് അധ്യാപകർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ആദ്യം വകുപ്പ് മേധാവി അടക്കം ഉള്ള അധ്യാപകരോട് പരാതി പറഞ്ഞെങ്കിലും പരിഗണന ലഭിച്ചില്ല, തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ പതിമൂന്നിന് മാനസിക സമ്മർദ്ദം താങ്ങാനാവാതെ പെൺകുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

വിദ്യാർഥിനിക്കു മോശം സന്ദേശം മൊബൈൽ ഫോണിലൂടെ അയച്ചു എന്നും അശ്ളീല ചുവയുള്ള ഭാഷയിൽ സംസാരിച്ചു എന്നും ഇതിനൊപ്പം ലൈംഗികാതിക്രമത്തിനു മുതിർന്നു എന്നുമായിരുന്നു പരാതി. തൃശൂർ ജില്ലാ ഇ.പിക്കായിരുന്നു വിദ്യാർത്ഥിനി പരാതി നൽകിയത്. തുടർന്ന് തൃശൂർ വെസ്റ്റ് പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം അധ്യാപകനെതിരെ കേസെടുത്തിരുന്നു.

അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു കാമ്പസിൽ വിദ്യാർത്ഥികൾ മൂന്നു ദിവസമായി സമരത്തിലാണ്. അറസ്റ്റില്ലാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർഥികൾ പറഞ്ഞത്. തുടർന്നാണ് ഇന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍