വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

എ കെ ജെ അയ്യര്‍
ശനി, 2 നവം‌ബര്‍ 2024 (18:50 IST)
എറണാകുളം : നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്ക് എതിരെയോ പങ്കാളിയുടെ ബന്ധുക്കൾക്ക് എതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ.ബദറുദ്ദീൻ്റെതാണ് ഈ ഉത്തരവ്. നിയമപരമുള്ള വിവാഹം അല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാൻ ആവില്ലെന്ന് വിലയിരുത്തിയാണ് ഈ ഉത്തരവ്.
 
തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെയുള്ള കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഹർജിക്കാരനും യുവതിയും 2009 ലാണ് ഒരുമിച്ചു താമസം തുടങ്ങിയത്. എന്നാൽ 2013 ൽ യുവതി ആദ്യ വിവാഹ ബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ രണ്ടാം വിവാഹത്തിനു നിയമ സാധുത ഇല്ലെന്ന് കുടുംബ കോടതി വിധിച്ചിരുന്നു. ഇവർ ഒരുമിച്ചു ജീവിച്ച കാലത്ത് ഹർജിക്കാരൻ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് കേസ്.
 
കുടുംബ കോടതി വിവാഹം സാധുതയല്ലെന്ന് വിധിച്ചതിനാൽ തന്നെ ഭർത്താവായി കാണാനാവില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ഗാർഹിക പീഡന നിയമ വ്യവസ്ഥയിൽ ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാർഹിക പീഡന നിയമത്തിൻ്റെ നിർവചനത്തിൻ്റെ വ്യവസ്ഥയിൽ വരുന്നത് എന്നും ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് യുവാവിൻ്റെ വാദം ശരിവച്ച് കേസിൻ്റെ തുടർ നടപടികൾ റദ്ദാക്കിയത്. നിയമപരമായി ഭർത്താവ് അല്ലാത്തതിനാൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം ഏതു കാലത്തു നടന്നതായാലും നിലനിൽക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article