കേരളത്തിൽ തടങ്കൽ പാളയങ്ങൾ നിർമിക്കാൻ വിവരം തേടി സാമൂഹിക നീതി വകുപ്പ്

അഭിറാം മനോഹർ

വെള്ളി, 27 ഡിസം‌ബര്‍ 2019 (11:55 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെയും ദേശീയപൗരത്വ രജിസ്റ്ററിനെതിരെയും സർക്കാറിന്റെ നേത്രുത്വത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ കേരളത്തിലും തടങ്കൽ പാളയങ്ങൾ നിർമിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ദേശീയ മാധ്യമമായ ഹിന്ദുവാണ് വിവരം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തങ്ങുന്ന വിദേശികളെയും കുറ്റക്രുത്യങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്ന വിദേശികളെയും പാർപ്പിക്കാനാണ് തടങ്കൽ പാളയങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നത്.ഇതിനായി ജയിലിൽ കഴിയുന്ന വിദേശികളുടെ റിപ്പോർട്ട് സാമൂഹിക നീതി വകുപ്പ് അഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.
 
കുറ്റക്രുത്യങ്ങളിൽ ജയിലിൽ കഴിയുന്ന വിദേശികളുടെ എണ്ണം സംബന്ധിച്ച് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറയോട് ജൂൺ മുതൽ ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിരുന്നില്ല. നവംബർ 26നാണ് ഇത് സംബന്ധിച്ച അവസാന കത്ത് നൽകിയത്.
 
നേരത്തെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ജയിലിന് പുറമെ സൗകര്യം ഒരുക്കണമെന്ന്  കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. തടവിലാക്കാൻ മതിയായ വിദേശികളുണ്ടെങ്കിൽ തടങ്കല്പാളയം നിർമിക്കും. ഇതിനായാണ് വിദേശികളുടെ എണ്ണം തേടിയത്. അനധികൃതമായിതാമസിക്കുന്ന വിദേശികളെ പാർപ്പിക്കാനായി തടങ്കൽ പാളയങ്ങൾ നിർമിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും സൂചനയുണ്ട്.
 
അസമിലും കർണാടകയിലും തടങ്കൽ പാളയങ്ങൾ നിർമിക്കുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോളാണ് കേരളത്തിലും ഇത്ത്രത്തിൽ തടങ്കൽ പാളയങ്ങൾ നിർമിക്കാൻ കേന്ദ്രം ആലോചിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കേന്ദ്ര സർക്കാറിനോട് ഇടഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍