ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവ ബത്ത

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (18:37 IST)
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. 
 
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ  അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. 
 
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍,- സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍