സമൂഹത്തിൽ നന്മ ചെയ്യാനും തിന്മ ഇല്ലാതാക്കാനും പുതിയ കൂട്ടായ്മ; നാടിന്റെ വികസനത്തിൽ പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് വലുത്

ശനി, 13 ഓഗസ്റ്റ് 2016 (13:57 IST)
നാടിന്റെ വികസനത്തില്‍ പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് പ്രധാനപ്പെട്ടതെന്ന് മാധ്യമപ്രവർത്തകനും ഖത്തറിലെ മീഡിയപ്ലസ് സി ഇ ഒയുമായ അമാനുല്ല വടക്കാങ്ങര. മത-ജാതി-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മാനവിക മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന പ്രാദേശിക കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കാങ്ങരയിലെ നുസ്‌റത്തുല്‍ അനാം ട്രസ്റ്റിന്റെ പ്രഥമ ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രസ്റ്റാണ് നുസ്‌റത്തുല്‍ അനാം ട്രസ്റ്റ്. സമൂഹത്തില്‍ നന്മകള്‍ സംസ്ഥാപിക്കുവാനും തിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും സഹായിക്കുന്നതോടൊപ്പം പ്രദേശത്തെ മുഴുവനാളുകളുടെയും സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് വഴികാണിക്കുവാനും കൂട്ടായ്മകള്‍ക്ക് കഴിയും. സര്‍ക്കാര്‍തല സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പുറമെ മാനുഷിക ഐക്യത്തിനായി രൂപപ്പെടുന്ന സന്നദ്ധ സംഘടനകളായി രൂപപ്പെടുന്ന ഇത്തരം കൂട്ടായ്മക‌ൾക്ക് പ്രാധാന്യം നൽകുമ്പോൾ പുതിയൊരു മാറ്റത്തിന് ഇവ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
 
സമൂഹത്തിലെ നല്ല ചലനങ്ങളെ ഉദ്‌ഘോഷിക്കുകയും എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'സംഗമം 2016' ന്യൂസ് ലെറ്റര്‍ വടക്കാങ്ങര നിവാസികളുടെ മാതൃകാപരമായ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക