ഇതിനൊപ്പം ശരീരത്തിലും വസ്ത്രത്തിലുമായി ഒളിപ്പിച്ച സ്വർണ്ണവുമായി ഒരു യുവതി ഉൾപ്പെടെ മറ്റു മൂന്നു യാത്രക്കാരും പിടിയിലായി. ഒട്ടാകെ 1.3 കോടി രൂപ വിലവരുന്ന 2.3 കിലോ സ്വർണ്ണമാണ് എയർ കസ്റ്റംസ് പിടിച്ചത്. ദുബായിൽ നിന്നാണ് കർണ്ണാടക സ്വദേശി അബ്ദുൽ ശഹീദ് എന്ന ഇരുപത്തിരണ്ടുകാരൻ ചെക്ക് ഇൻ ലഗേജിൽ ഏഴു കത്തികളിലായി സ്വർണ്ണം കടത്താൻ ശ്രമിച്ചത്. അടുക്കളയിൽ ഉപയോഗിക്കുന്ന രീതിയിലുള്ള കത്തിയുടെ പിടിക്കുള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ വെളിനിറവും പൂശിയിരുന്നു. ഇതെല്ലം കൂടി 34 ലക്ഷം രൂപ വിലവരുന്ന 579 ഗ്രാം സ്വർണ്ണം വരും.
ഇതിനൊപ്പം അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി കക്കുഴിപ്പുരയിൽ ഷംന എന്ന 28 കാരി നാല് ക്യാപ്സൂളുകളിലായി 1.16 കിലോ വരുന്ന സ്വർണ്ണ മിശ്രിതമാണ് ശരീരത്തിൽ ഒളിപ്പിച്ച രീതിയിൽ കൊണ്ടുവന്നത്. ഇവർക്കൊപ്പം ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി റിയാസ് (21) പാന്റ്സിലും ഉൾവസ്ത്രത്തിലുമായി 331 ഗ്രാം സ്വർണ്ണമിശ്രിതമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മറ്റൊരു യാത്രക്കാരനായ ജിദ്ദയിൽ നിന്നെത്തിയ കണ്ണമംഗലം സ്വദേശി സൈനുൽ ആബിദ് (20) ശരീരത്തിൽ 282 ഗ്രാം സ്വർണ്ണമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.