തിരുവനന്തപുരം: സ്വർണ്ണവില വർധനയുടെ മറവിൽ വിദേശത്തു നിന്ന് കൊണ്ടുവരുന്ന സ്വർണ്ണം പിടികൂടുന്നത് വ്യാപകമായതോടെ കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ സ്വര്ണക്കടത്തുകാർ കണ്ടെത്തുന്ന പുതിയ അടവുകൾ കണ്ടു കസ്റ്റംസും അന്തംവിട്ടനിലയിലായി. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആൾ രണ്ടു ചുറ്റികകളുടെ പിടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കൊല്ലം സ്വദേശി അഖിലിൽ നിന്നാണ് പതിനാലു ലക്ഷത്തോളം രൂപ വില വരുന്ന 240 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കസ്റ്റംസിന് ആദ്യം രഹസ്യ വിവരം ലഭിച്ചിരുന്നെങ്കിലും തുടക്കത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ഇയാൾ കൊണ്ടുവന്ന ഓരോ സാധനവും പ്രത്യേകമായി പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.