സ്വാമിയുടെ ലിംഗം മുറിക്കും മുൻപ് യുവതിയും സുഹൃത്തും ഗൂഢാലോചന നടത്തി: കേസിൽ വമ്പൻ ട്വിസ്റ്റ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (13:12 IST)
ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പരാതിക്കാരിയായ യുവതിയും ആൺസുഹൃത്തായ അയ്യപ്പദാസും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. ഇതിനെ തുടർന്ന് കേസിൽ ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.
 
തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധത്തിന്റെ ഭാഗമായി ലിംഗം മുറിച്ചുവെന്നാണ് ആദ്യം പോലീസിന് നൽകിയ പരാതിയിൽ യുവതി പറഞ്ഞിരുന്നത്. 2017-ലാണ് കേസിനാസ്പദമായ സംഭവം. എന്നാൽ ആദ്യമൊ‌ഴി പിന്നീട് യുവതി തിരുത്തുകയും സ്വാമിക്ക് അനുകൂലമായി മൊഴി മാറ്റുകയും ചെയ്‌തിരുന്നു. പിന്നീട് നട‌ത്തിയ അന്വേഷണത്തിലാണ് പു‌തിയ വഴിത്തിരിവ്.
 
യുവതിയും അയ്യപ്പദാസും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ വലിയ സ്വാധീനമുള്ള സ്വാമി ഇതിന് തടസ്സമാകുമെന്ന് കരുതി യുവതിയും സുഹൃത്തും വര്‍ക്കലയിലും കൊല്ലത്തും വെച്ച് കൂടിക്കാഴ്ച നടത്തുകയും ഗൂഢാലോചന നടത്തുകയുമായിരുന്നു.ലിംഗം മുറിക്കുന്നതിന് മുന്നോടിയായി ഇരുവരും ഇന്റര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ട് മനസ്സിലാക്കിയിരുന്നു.
 
ഇവർ നടത്തിയ മുന്നൊരുക്കങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ശാസ്‌ത്രീയമായി പരിശോധിച്ചപ്പോളാണ് യുവതിക്കെതിരെ തെളിവുകള്‍ ലഭിച്ചതും ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞതും. കേസിൽ പ്രതിചേർക്കാമെന്ന് നിയമോപദേശം ലഭിച്ചാല്‍ ഉടനെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍