വിഎസ് വോട്ടു ചെയ്യുന്നത് എത്തിനോക്കിയിട്ടില്ല; മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുകയാണ്; ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍

ചൊവ്വ, 17 മെയ് 2016 (11:47 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് എത്തിനോക്കിയിട്ടില്ലെന്ന് മുതിര്‍ന്ന സി പി എം നേതാവും അമ്പലപ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
 
വി എസും താനും തമ്മില്‍ നല്ല ആത്മബന്ധമാണ്. തനിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയാണ് വി എസ് പാലക്കാട് നിന്ന് ആ‍ലപ്പുഴയില്‍ എത്തിയത്. വി എസിന്റെ പ്രസംഗത്തിലൂടെ തനിക്ക് നിരവധി വോട്ടുകളാണ് ലഭിച്ചത്.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും താനും വി എസും അരുണ്‍ കുമാറും ചട്ടം ലംഘിച്ചിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
വീഴ്ച വരുത്തിയത് സര്‍ക്കാരും പൊലീസുമാണ്. മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുകയാണ്.  പാര്‍ട്ടി പത്രമായ ദേശാഭിമാനി പത്രം പോലും തന്നെ സംരക്ഷിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു.
 
ജി സുധാകരനെതിരെ യു ഡി എഫും എന്‍ ഡി എയുമാണ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്കിയത്. വി എസ് അച്യുതാനന്ദന്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി ചിഹ്നം പറഞ്ഞു നല്കിയെന്നും എത്തി നോക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. രാവിലെ തന്റെ മണ്ഡലമായ മലമ്പുഴയില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു വോട്ടു ചെയ്യുന്നതിനായി വി എസ് ആലപ്പുഴയില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക